“ഓഞ്ചിയത്തെ മാനവികതയുടെ പക്ഷി” ചിത്രരചനാമത്സരം
അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും, ധാര്‍മ്മികതയുടേയും, ആദര്‍ശശുദ്ധിയുടേയും, അഹിംസയുടേയും ഒരു ധീര വ്യക്തിത്വം ഓഞ്ചിയത്ത് നിഷ്ഠൂരമായി തെരുവില്‍ കൊലചയ്യപ്പെട്ടപ്പോള്‍ നാം എന്തുചെയ്തു എന്നത് നമ്മുടെ വ്യക്തിത്വത്തിന്റെ ശുദ്ധിയും നൈര്‍മല്യവും മാനവികബോധവും വെളിപ്പെടുത്തുന്ന ചോദ്യമാണ്. നാം ഇന്നനുഭവിക്കുന്ന സ്വാതന്ത്ര്യവും, ജനാധിപത്യവും, സമാധാനവും, സൌകര്യങ്ങളും മാനവികസ്നേഹംവച്ചുപുലര്‍ത്തിയ ഒട്ടേറെ ധീരരായ മനുഷ്യരുടെ സംഭാവനയായി നമുക്കു ലഭിച്ച ഭാഗ്യങ്ങളാണെന്ന് മറക്കരുത്. പുരോഗതിയുടേയും, സമത്വഭാവനയുടെയും സ്വതന്ത്ര പ്രഭാതത്തെ വരവേല്‍ക്കാനായി ഒട്ടേറെ ഇതുപോലുള്ള മനുഷ്യര്‍ വ്യവസ്ഥാപിതവും, ജീര്‍ണ്ണവുമായ സമൂഹത്തിനെതിരെ കലാപക്കൊടിയുയര്‍ത്തിക്കൊണ്ട് വഴിമാറി നടന്നതിന്റെ ഫലമായാണ് സമൂഹം പുരോഗതിയും സ്വാതന്ത്ര്യവും ആര്‍ജ്ജിച്ചത്. നാമിന്ന് അനുഭവിച്ചുകൊണ്ടിരിക്കുന്ന സ്വാതന്ത്ര്യവും, ജനാധിപത്യവും നിലനിര്‍ത്തുന്നതിനും അനുസ്യൂതം നവീകരിക്കുന്നതിനും മാനവികമായ വിശാലവീക്ഷണമുള്ളവരുടെ സുരക്ഷയും, ചിന്തിക്കാനും അഭിപ്രായം പറയാനുമുള്ള സ്വാതന്ത്ര്യവും പരിരക്ഷിക്കപ്പെടേണ്ടതുണ്ട്. അത് ജനങ്ങളുടെ കര്‍ത്തവ്യമാണ്. ആ കര്‍ത്തവ്യം നിറവേറ്റാതിരിക്കുന്നത് അജ്ഞതയും,സ്വാര്‍ത്ഥതയും, അരാഷ്ട്രീയവുമായി മാത്രമേ വിശേഷിപ്പിക്കാനാകു. ഈ ബോധത്തില്‍ നിന്നുകൊണ്ട് “ഓഞ്ചിയത്തെ മാനവികതയുടെ പക്ഷി” കൊല്ലപ്പെട്ടതിനെക്കുറിച്ച് ഒരു ചിത്ര രചനാ മത്സരം നടത്തുന്നതിനെക്കുറിച്ച് സൈബര്‍ മീഡിയയിലെ ക്രിയാത്മകശേഷിയും, ധാര്‍മ്മികതയും, നേതൃത്വപാടവവും ഉള്ള മാനവികബോധമുള്ളവര്‍ മുന്നോട്ടുവരണമെന്ന് ചിത്രകാരന്‍ സ്നേഹപൂര്‍വ്വം അഭ്യര്‍ത്ഥിക്കുന്നു. കുട്ടികള്‍ക്കായി നടത്തുന്ന മത്സരത്തില്‍ കൂടുതല്‍ സമ്മാനങ്ങളും പാര്‍ട്ടിസിപ്പേഷന്‍ സര്‍ട്ടീഫിക്കറ്റുകളും ഉള്‍പ്പെടുത്തി പ്രോത്സാഹിപ്പിക്കുന്ന തരത്തിലായിരിക്കണം മത്സരം സംഘടിപ്പിക്കേണ്ടത്. നെറ്റില്‍ എല്ല ചിത്രങ്ങളും, പ്രദര്‍ശിപ്പിക്കാനും ഏര്‍പ്പാടുണ്ടാക്കാവുന്നതാണ്. കുട്ടികള്‍ക്കുള്ള ഈ മത്സരം കൂടാതെ, വലിയവര്‍ക്കായി ഓഞ്ചിയം വിഷയമാക്കിക്കൊണ്ടുള്ള ചിത്ര രചനയും, കവിത /കഥ രചനയും നടത്തിച്ച് , സൃഷ്ടികള്‍ നെറ്റില്‍ പൊതുവായി പ്രദര്‍ശിപ്പിക്കുകയും ഒറിജിനലിന്റെ കാന്‍വാസ്/ കളര്‍ ലേസര്‍ പ്രിന്റുകള്‍ കോഴിക്കോടോ വടകരയിലോ പ്രദര്‍ശിപ്പിക്കുകയും ആകാവുന്നതാണ്. കാരണം, ഇനിയൊരു രാഷ്ട്രീയ കൊലപാതകം നമ്മുടെ സമൂഹത്തില്‍ ഉണ്ടാകരുതെന്ന് നാം ആശിക്കുന്നുണ്ടെങ്കില്‍ സമൂഹ മനസ്സാക്ഷിയില്‍ കൊലക്കത്തിക്കും ബോമ്പിനും ഇടമില്ലെന്ന് നാമോരോരുത്തരും പ്രഖ്യാപിക്കേണ്ടതുണ്ട്. അതിനുള്ള രാഷ്ട്രീയ-സാമൂഹ്യ ബോധം നമുക്കില്ലെങ്കില്‍ സൈബര്‍ മീഡിയയിലെ പാറ്റകാളായി മാത്രമേ നാം നമ്മേ സ്വയം വിലയിരുത്തേണ്ടതുള്ളു. സംഘാടനത്തിനായി ഊര്‍ജ്ജ്യസ്വലതയോടെ സൈബര്‍മീഡിയ പൌരന്മാര്‍ മുന്നോട്ടുവരിക !!




